Monday, March 2, 2015

റവ കാരേലപ്പം

ദിവസോം രാവിലെ, എന്താ പലഹാരം എന്നു ചിന്തിച്ച് തലപുകയ്ക്കേണ്ട കാര്യമില്ല. ദോശേം ഇഡ്ഡലീം പുട്ടും ഉപ്പുമാവും ചപ്പാത്തീം കൊഴുക്കട്ടേം ഉണ്ടാക്കുന്നതിന്റെ ഇടയ്ക്കൊരു ദിവസം ഈ എരിവുള്ള റവ കാരേലപ്പവും ഒന്നു പരീക്ഷിക്കാം.

NB: കാര (ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രം ) 

ഉഴുന്ന് - അര ഗ്ലാസ്.

സൂജി റവ - ഒന്നര ഗ്ലാസ്. രണ്ടായാലും കുഴപ്പമില്ല. മൃദുത്വം കുറയും.

ഉലുവ - രണ്ട് ടീസ്പൂൺ. (ഉലുവ കയ്ക്കും. ആ സ്വാദ് ഇഷ്ടമില്ലാത്തവർക്ക് കുറയ്ക്കാം.)

വല്യുള്ളി/സവാള - ഒന്ന്.

പച്ചമുളക് - രണ്ട്.

ഇഞ്ചി - ഒരു കഷണം.

മല്ലിയില, കറിവേപ്പില കുറച്ച്.

ഉപ്പ്, എണ്ണ ആവശ്യത്തിന്.

ഉഴുന്ന് , ഉലുവ വെള്ളത്തിൽ മൂന്നു മണിക്കൂർ കുതിർത്തിടുക.

അതേ സമയം തന്നെ റവ ആവശ്യത്തിനു (എല്ലാത്തിനും കൂടെയുള്ള) ഉപ്പും ചേർത്ത് അല്പം വെള്ളവും ഒഴിച്ചു വയ്ക്കുക. റവയിൽ വെള്ളമാവണം, അത്രേ വേണ്ടൂ. കുറേ വെള്ളം ചേർത്ത് അതിനെ മുക്കിയിടരുത്.

ഉഴുന്നും ഉലുവേം അരയ്ക്കുക. അരയ്ക്കുമ്പോൾ ഒരുപാടു വെള്ളം ചേർക്കണ്ട. മിനുസമായി അരയ്ക്കുക. റവ മൃദു ആയിട്ടുണ്ടാവും. അതിലേക്ക് അരച്ചത് ചേർത്ത് ഇളക്കി വയ്ക്കുക. ഒരു വൈകുന്നേരം അരച്ച് പിറ്റേന്നു രാവിലെ വരെ വയ്ക്കുക.

കാരേലപ്പം ഉണ്ടാക്കാൻ സമയം ആയാൽ, അരച്ചുവെച്ചതിലേക്ക്, ഉള്ളി, പച്ചമുളക്, മല്ലിയില കറിവേപ്പില, ഇഞ്ചി എന്നിവയൊക്കെ മുറിച്ചിടണം. വല്യുള്ളി ഇല്ലെങ്കിൽ ചെറിയ ഉള്ളി ആയാലും മതി. തേങ്ങാക്കൊത്തും ഇടാം. കായത്തിനോട് പ്രേമമുണ്ടെങ്കിൽ അതും ഇടാം. എന്നിട്ട് നന്നായി ഇളക്കുക. ഉപ്പൊന്നു നോക്കുക. വേണമെങ്കിൽ ചേർക്കാം. അധികമുണ്ടെങ്കിൽ, വിധി എന്നു കരുതി സമാധാനിക്കുക.

കാര അടുപ്പത്തു വയ്ക്കുക. നോൺ സ്റ്റിക്ക് കാര ഉണ്ടെങ്കിൽ നിങ്ങൾക്ക് എളുപ്പമായിരിക്കും. അല്ലാത്ത സാദാ കാരയാണെങ്കിൽ അതിൽ എണ്ണയോ വെളിച്ചെണ്ണയോ ഓരോ ടീസ്പൂൺ ഒഴിക്കുക. എല്ലായിടത്തും പുരട്ടുക.

മാവൊഴിക്കുക. തീ കുറേ കൂട്ടിവയ്ക്കണ്ട. തീരെ കുറയ്ക്കുകയും ചെയ്യരുത്. മാവൊഴിച്ച് അടച്ചുവയ്ക്കുക.

കുറച്ചുകഴിഞ്ഞ് അടപ്പ് എടുത്തു നോക്കുക. അപ്പോ മുകളിലും വേവ് ആയെങ്കിൽ മറിച്ചിടുക. മറിച്ച് ഇടുമ്പോഴും എണ്ണ പുരട്ടുക. സാദാ കാരയിൽ ആണെങ്കിൽ, കത്തികൊണ്ടോ, പരന്ന സ്പൂൺ കൊണ്ടോ അപ്പത്തിന്റെ സൈഡിൽ കൂടെ ഒന്നു കറക്കിയെടുത്താൽ മറിച്ചിടാൻ വേഗം പറ്റും.

രണ്ടുഭാഗവും വെന്താൽ എടുത്തു വയ്ക്കുക.

ചമ്മന്തി കൂട്ടിക്കഴികാൻ ഉത്തമം .

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: