Friday, March 30, 2012

ചപ്പാത്തിക്കൊപ്പം ദം ആലൂ

വടക്കേയിന്ത്യന്‍ പാചകവും ഇടയ്‌ക്കൊന്നു പരീക്ഷിക്കേണ്ടേ. എളുപ്പം തയ്യാറാക്കാവുന്ന ദം ആലൂ റസിപിയാകട്ടെ, ഇന്നത്തേത്. 

ചേരുവകള്‍

ഉരുളക്കിഴങ്ങ്-10
സവാള- 2രണ്ട് (ഒന്ന് നീളത്തില്‍ അരിഞ്ഞതും മറ്റേത് പേസ്റ്റാക്കിയതും)
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 1 ഒരു ടേബിള്‍ സ്പൂണ്‍
തക്കാളി-ഒന്ന്
ജീരകം-1 സ്പൂണ്‍
പച്ചമുളക്-4
വഴനയില-2
ഗരം മസാല- രണ്ടു സ്പൂണ്‍
മുളകുപൊടി, മല്ലിപ്പൊടി-1ഒരു സ്പൂണ്‍
മഞ്ഞപ്പൊടി-1 സ്പൂണ്‍
നെയ്യ്-1 സ്പൂണ്‍
എണ്ണ-1 സപൂണ്‍
ഉപ്പ്-പാകത്തിന്
മല്ലിയില

ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുക. വല്ലാതെ വെന്തുപോകരുത്. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ അതിലിട്ട് വഴറ്റുക. ഇതിന് ഒരു ബ്രൗണ്‍ നിറം വരുമ്പോള്‍ വാങ്ങി വയ്ക്കണം. 

പാത്രത്തിലെ എണ്ണയില്‍ വഴനയിലയും ജീരകവും ഇടുക. ജീരകം പൊട്ടിക്കഴിയുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, സവാള പേസ്റ്റുകള്‍ ചേര്‍ക്കുക. ഇത് മൂത്തു കഴിയുമ്പോള്‍ തക്കാളി ഉടച്ചു ചേര്‍ക്കുക. അല്‍പസമയം കഴിഞ്ഞ് ഉപ്പും മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവയും ചേര്‍ക്കണം. നല്ലപോലെ ഇവ കൂട്ടിച്ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ അല്‍പം വെള്ളവും ചേര്‍ക്കാം. 

പിന്നീട് ഉരുളക്കിഴങ്ങില്‍ ചെറിയ മൂന്നോ നാലോ ദ്വാരങ്ങളിടണം. മസാല ഉള്ളിലേക്കു പിടിക്കാനാണിത്. പിന്നീടിത് പാത്രത്തിലെ മസാലയിലേക്കു ചേര്‍ത്ത് ഏഴെട്ടു മിനിറ്റ് വേവിക്കാം.
 
ഉരുളക്കിഴങ്ങ് നല്ലപോലെ വെന്ത് മസാല പിടിച്ചുകഴിഞ്ഞാല്‍ 
ഇതിലേക്ക് ഗരം മസാലയും നെയ്യും ചേര്‍ത്ത് ഉടനെ വാങ്ങുക.പിന്നീടിത് മല്ലിയില കൊണ്ട് അലങ്കരിക്കാം.

ചപ്പാത്തിക്കൊപ്പം കഴിയ്ക്കാവുന്ന സ്വാദേറിയ ദം ആലൂ തയ്യാര്‍.

മേമ്പൊടി

വലിപ്പം കുറഞ്ഞ ഉരുളക്കിഴങ്ങാണ് ദം ആലൂ ഉണ്ടാക്കാന്‍ നല്ലത്. ഇതില്‍ ചേര്‍ക്കാനുള്ള ഗരം മസാല വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിക്കും. കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ വറുത്തുപൊടിച്ചാല്‍ മതി. ഇത് കറിക്ക് കൂടുതല്‍ സ്വാദു നല്‍കും.

രുചികരം, ഉരുളക്കിഴങ്ങ് മസാല

ഉരുളക്കിഴങ്ങ് മിക്കവാറും പേര്‍ക്ക് ഇഷ്ടമുള്ള ഒരു വിഭവമാണ്. വളരെ എളുപ്പത്തില്‍ ഉരുളക്കിഴങ്ങ് മസാല തയ്യാറാക്കാം.

ചേരുവകള്‍
ഉരുളക്കിഴങ്ങ്-5
സവാള-1
തക്കാളി-2
വെളുത്തുള്ളി-4 അല്ലി (ചതച്ചത്)
മഞ്ഞള്‍പൊടി-അര സ്പൂണ്‍
മുളകുപൊടി-2 സ്പൂണ്‍
പച്ചമുളക്-1
ഗരം മസാല-1 സ്പൂണ്‍
പെരുഞ്ചീരകം-1 സ്പൂണ്‍
ജീരകം-അര സ്പൂണ്‍
കടുക്-1 ചെറിയ സ്പൂണ്‍
കറിവേപ്പില, മല്ലിയില

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഇടത്തരം വലിപ്പത്തില്‍ മുറിക്കുക. സവാളയും തക്കാളിയും ചെറുതായി അരിയുക. ഇവ മൂന്നും പ്രഷര്‍ കുക്കറില്‍ ഇടുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി, ഗരം മസാല, പെരുഞ്ചീരകം, ജീരകം, പച്ചമുളക് എന്നിവ ചേര്‍ക്കുക. അല്‍പം വെള്ളമൊഴിച്ച് വേവിക്കണം. 

ഒരു പാത്രത്തില്‍ വെളിച്ചെണ്ണയൊഴിച്ച് അതില്‍ കടുകിട്ടു പൊട്ടുമ്പോള്‍ വെളുത്തുള്ളിയും കറിവേപ്പിലയും ചേര്‍ക്കുക. ഇത് മൂത്ത മണം വരുമ്പോള്‍ വേവിച്ചു വച്ച കറി ഇതിലേക്ക് ചേര്‍ത്ത് നല്ലപോലെ ഇളക്കണം. 

ചാറ് കുറുകിക്കഴിയുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.

മേമ്പൊടി

പെരുഞ്ചീരകം മുഴുവനോടെ ഇടുന്നതിന് പകരം പൊടിച്ചിട്ടാല്‍ സ്വാദേറും. പിരിയന്‍ മുളകുപൊടിയോ കശ്മീരി മുളകുപൊടിയോ ഉപയോഗിച്ചാല്‍ കറിക്ക് നല്ല നിറം ലഭിക്കും

ചൂടോടെ കഴിയ്ക്കാം ആലൂ വട

ഉരുളക്കിഴങ്ങ് ഇഷ്ടപ്പെടാത്തവര്‍ ചുരുക്കം. ഇത് വറുത്തതായാല്‍ ഭലേ ഭേഷ്. നാലുമണിക്കാപ്പിക്ക് ഈ ആലൂ വട ഒന്നു പരീക്ഷിച്ചു നോക്കൂ,

ചേരുവകള്‍

ഉരുളക്കിഴങ്ങ്- 5അഞ്ചെണ്ണം
വെളുത്തുള്ളി-6
പച്ചമുളക്-3
ഇഞ്ചി-ചെറിയ കഷണം
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
കായം-ഒരു നുള്ള്
കടുക്, ജീരകം-അര സ്പൂണ്‍
കറിവേപ്പില, മല്ലിയില-ആവശ്യത്തിന്


കടലമാവ്-1 കപ്പ്
ഗോതമ്പുപൊടി-അരക്കപ്പ്
ജീരകപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി-അര സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

ഉരുളക്കിഴങ്ങ് വേവിക്കുക. ഇതിന്റെ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കണം. 

പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, അല്‍പം മല്ലിയില എന്നിവ ചേര്‍ത്ത് അരയ്ക്കണം. 

ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, ജീരകം,കായപ്പൊടി, കറിവേപ്പില എന്നിവ ഇടുക. ഇതിലേക്ക് പച്ചമുളക്, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. പിന്നീട് ഉരുളക്കിഴങ്ങു ചേര്‍ത്തുടച്ച് അല്‍പസമയം പാകം ചെയ്യുക. 

ഗോതമ്പുമാവും കടലമാവും ആവശ്യത്തിന് വെള്ളം ചേര്‍ത്തിളക്കുക. ഇതിലേക്ക് ജീരകവും മസാലപ്പൊടികളും ഉപ്പും ചേര്‍ക്കുക.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഉരുളക്കിഴങ്ങ് മസാല ചെറിയ ഉരുളകളാക്കുക. ഇത് മാവില്‍ മുക്കി വെളിച്ചെണ്ണയില്‍ വറുത്തു കോരാം.

സോസ്, ചട്‌നി എന്നിവ കൂട്ടി ചൂടോടെ കഴിയ്ക്കാം. 

മേമ്പൊടി

ഉരുളക്കിഴങ്ങ് വറുക്കുമ്പോള്‍ ചെറിയ ബ്രൗണ്‍ നിറം വരണം. ചൂട് കുറച്ച് വറുത്തെടുക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ കരിയുകയും ഉള്‍ഭാഗം വേവാതിരിക്കുകയും ചെയ്യും.

ഇഡ്ഢലി ബാക്കിവന്നാല്‍ ഇഡ്ഢലി ബജി!

ബ്രേക്ഫാസ്റ്റിനുണ്ടാക്കിയ ഇഡ്ഢലി ബാക്കിയായോ. വഴിയുണ്ട്, നാലുമണിക്കാപ്പിക്ക് ഇഡ്ഢലി ബജിയുണ്ടാക്കാം. 

ചേരുവകള്‍

ഇഡ്ഢലി നാലാക്കി മുറിക്കുക. കടലമാവ് പാകത്തിന് വെള്ളം ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കുക. അല്‍പം അരിപ്പൊടിയും ചേര്‍ക്കുക ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ്, ഒരു നുള്ളു കായപ്പൊടി, ജീരകം, മല്ലിയില, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കുക. 

ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. എണ്ണ നല്ലപോലെ തിളച്ചു കഴിയുമ്പോള്‍ ഇഡ്ഢലി ഓരോ കഷ്ണങ്ങളാക്കി ഈ മാവില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക.

നാളികേര ചട്‌നി, സോസ് എന്നിവ ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.

മേമ്പൊടി

മുളകുപൊടിക്കു പകരം പച്ചമുളകും ചേര്‍ക്കാം. അല്‍പം ഗരം മസാല ചേര്‍ത്താല്‍ വ്യത്യസ്തമായ രുചി ലഭിക്കും.
തീ കുറച്ചു വച്ച് ഇളം ബ്രൗണ്‍ നിറമാകുന്നവരെ വറുത്തെടുക്കണം

ചിക്കന്‍ പ്രേമികള്‍ക്ക് ചിക്കന്‍ പക്കോഡ

ചില 'ചിക്കനേറി'യന്മാര്‍ ഉണ്ട്. ഏതു നേരത്തും ചിക്കന്‍ കിട്ടിയിലാല്‍ സന്തോഷം. ഇത്തരക്കാര്‍ക്കായി ഇതാ ചൂടേറിയ ഒരു ചിക്കന്‍ സ്‌നാക്‌സ്. ചിക്കന്‍ പക്കോഡ.

ചേരുവകള്‍

ബോണ്‍ലെസ് ചിക്കന്‍-കാല്‍ കിലോ
സവാള-2
വെളുത്തുള്ളി-6
ഇഞ്ചി-1 കഷ്ണം
പച്ചമുളക്-4
കുരുമുളകു പൊടി-2 സ്പൂണ്‍
കോണ്‍ഫ്‌ളോര്‍-4 സ്പൂണ്‍
ബ്രഡ് ക്രംമ്പ്‌സ്
ഉപ്പ്
കറിവേപ്പില
എണ്ണ

ചിക്കന്‍ കഴുകി വൃത്തിയാക്കി മിക്‌സിയില്‍ മിന്‍സ് ചെയ്‌തെടുക്കുക. അല്ലെങ്കില്‍ നല്ലപോലെ അരിയുകയും ചെയ്യാം. സവാള, ഇഞ്ചി, വെളുത്തുള്ളി, ചിക്കന്‍ എന്നിവ ഒരുമിച്ച് മിക്‌സിയില്‍ ചെറുതായി അരച്ചെടുക്കുക. ഇതിലേക്ക് ഉപ്പ്, കുരുമുളകുപൊടി, പച്ചമുളക്, കറിവേപ്പില, എന്നിവ ചേര്‍ക്കാം. ഇതിലേക്ക് കോണ്‍ഫ്‌ളോര്‍ ചേര്‍ക്കണം. ആവശ്യമെങ്കില്‍ അല്‍പം വെള്ളം ചേര്‍ക്കാം. ഇതെല്ലാം കൂടി കൂട്ടിച്ചേര്‍ത്ത ശേഷം മിശ്രിതം ചെറിയ ബോളുകളാക്കുക. ഇത് ബ്രഡ് ക്രംമ്പ്‌സില്‍ ഉരുട്ടിയെടുക്കുക. 

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇത് ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്തെടുക്കുക. 

സോസില്‍ മുക്കിക്കഴിക്കാന്‍ ചൂടേറിയ ചിക്കന്‍ പക്കോഡ റെഡി.

മേമ്പൊടി


ബ്രഡ് ക്രംമ്പ്‌സിന് പകരം റസ്‌ക് പൊടിയും ഉപയോഗിക്കാം. തീ കുറച്ചു വച്ചു വേണം പക്കോഡ ഉണ്ടാക്കാന്‍. അല്ലെങ്കില്‍ ചിക്കന്‍ ശരിക്കു വേവില്ല. അതുപോലെ ചെറിയ ബോളുകളാക്കിയാലേ ചിക്കന്‍ പക്കോഡ് ശരിയായി വേവൂ.

യമ്മി യമ്മി ഒണിയന്‍ റിംഗ്‌സ്

സവാള കൊണ്ട് നാലുമണിക്കാപ്പിക്ക് രുചിയേറിയ വിഭവം ഉണ്ടാക്കാം. വളരെ എളുപ്പം.

സവാള-1 (വട്ടത്തില്‍ അരിഞ്ഞത്)
ബ്രഡ് ക്രംമ്പ്‌സ്-മൂക്കാല്‍ കപ്പ്
അരിപ്പൊടി-1 വലിയ സ്പൂണ്‍
ബേക്കിംഗ് സോഡ-അര സ്പൂണ്‍
മുളകുപൊടി-1 സ്പൂണ്‍
ഉപ്പ്
എണ്ണ

ഒരു പാത്രത്തില്‍ സവാളയും ബ്രഡ് ക്രംമ്പ്‌സും എണ്ണയും ഒഴികെയുള്ള മിശ്രിതങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കണം. ഇതിലേക്ക് ബ്രഡ് ക്രംമ്പ്‌സ് ചേര്‍ത്ത് നല്ലപോലെ കൂട്ടിയോജിപ്പിക്കുക. 

എണ്ണ ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന സവാള കഷ്ണങ്ങള്‍ ഓരോന്നായി മാവില്‍ മുക്കിയെടുത്ത് വറുത്തെടുക്കുക. 

സോസിനൊപ്പം കഴിയ്ക്കാം.
  Read:  In English 
മേമ്പൊടി

മസാല സ്വാദ് വേണമെന്നുള്ളവര്‍ക്ക് മാവില്‍ അല്‍പം ഗരം മസാല കൂടി ചേര്‍ക്കാം.

ഡ്രൈ ചില്ലി ചിക്കന്‍

ചിക്കന്‍ വിഭവങ്ങളില്‍ ഒന്നാമത്തെ പേരാണ് ചില്ലി ചിക്കന്‍ എന്നത്. എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഡ്രൈ ചില്ലി ചിക്കന്‍ പാചകക്കുറിപ്പിതാ. സ്റ്റാര്‍ട്ടറായോ സൈഡ്് ഡിഷായോ ഉപയോഗിക്കാം

ചിക്കന്‍ (എല്ലില്ലാത്തത്)-അരക്കിലോ
സവാള-2
ക്യാപ്‌സിക്കം-1
പച്ചമുളക്-4
ഇഞ്ചി, വെളുത്തുള്ളി അരച്ചത്-അര സ്പൂണ്‍
തൈര്-2 സ്പൂണ്‍
മുളുകുപൊടി-1 സ്പൂണ്‍
ചില്ലി സോസ്, ടൊമാറ്റോ സോസ്-2 സ്പൂണ്‍
സോയാ സോസ്-4 സ്പൂണ്‍
കുരുമുളുക പൊടി-അര സ്പൂണ്‍
കോണ്‍ഫ്‌ളോര്‍-1 സ്പൂണ്‍
ഉപ്പ്
ചെറുനാരങ്ങാനീര്
മല്ലിയില

ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അതില്‍ ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ഉപ്പ്, തൈര്, കോണ്ഫ്‌ളോര്‍, പകുതി സോയാസോസ്, കുരുമുളകു പൊടി എന്നിവ ചേര്‍ത്ത് 1 മണിക്കൂര്‍ വയ്ക്കുക. പിന്നീട് ഇത് ചെറുതായി എണ്ണയിലിട്ട് വറുത്തെടുക്കുക.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് സവാള, പച്ചമുളക് എന്നിവ ചേര്‍ക്കുക. സവാളയ്ക്ക് ചെറിയൊരു ബ്രൗണ്‍ നിറം വരുമ്പോള്‍ ഇതിലേക്ക് ബാക്കിയുള്ള സോയാസോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ് എന്നിവ ചേര്‍ത്തിളക്കുക. പിനനീട് ഇതിലേക്ക്് വറുത്തു വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ക്കണം. അല്‍പസമയം കഴിഞ്ഞ് ക്യാപ്‌സിക്കവും ചേര്‍ത്ത് നന്നായി ഇളക്കി വെള്ളം വറ്റിക്കണം. 

ചിക്കന്‍ വാങ്ങിവച്ച് നാരങ്ങാനീര് പിഴിഞ്ഞു ചേര്‍ക്കുക. മല്ലിയില ചേര്‍ത്ത് അലങ്കരിക്കാം. 

മേമ്പൊടി

കശ്മീരി മുളകുപൊടി ഉപയോഗിച്ചാല്‍ ചില്ലി ചിക്കന് നല്ല ചുവപ്പുനിറം ലഭിക്കും. ചിക്കന്‍ വറുക്കുമ്പോള്‍ അധികം മൂത്തുപോകാതെ ശ്രദ്ധിക്കണം.

കരിമീന്‍ പൊള്ളിച്ചത്

ആവശ്യമുള്ള സാധനങ്ങള്‍ 

1. കരിമീന്‍ - 1 കിലോ(വൃത്തിയാക്കിയശേഷം കഷണങ്ങളാക്കാതെ മുഴവനേ വരഞ്ഞത്)
2 മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി രണ്ടുടീസ്പൂണ്‍ 
ഉപ്പ് പാകത്തിന്

3. വെളിച്ചെണ്ണ ഒരു കപ്പ് 
ചുവന്നുള്ളി കനം കുറച്ചരിഞ്ഞത് - 1 കപ്പ്
ഇഞ്ചി ചെറുതായി അറിഞ്ഞത്- രണ്ട് ഇടത്തരം കഷണങ്ങള്‍ 
വെളുത്തുള്ളി -10 അല്ലി, 
പച്ചമുളക് നെടുകേ കീറിയത്- 4എണ്ണം 
കറിവേപ്പില- 3 കതിര്്

4 കടുക് -ആവശ്യത്തിന് 
5 മല്ലിപ്പൊടി -2 ടീസ്പൂണ്‍
മുളകുപൊടി 1 ടീസ്പൂണ്‍ 
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍ 
കുരുമുളകുപൊടി അര ടീസ്പൂണ്‍

6. തേങ്ങാപ്പാല്‍ 1/2 കപ്പ്(വെള്ളം ചേര്‍ക്കാതെ തേങ്ങയുടെ ഒന്നാം പാല്‍)
കുടമ്പുളി 3 കഷണം
ഉപ്പ് പാകത്തിന്

7 വാഴയില -എത്ര മീനുണ്ടോ അത്രയും കഷണങ്ങള്‍

തയ്യാറാക്കുന്ന വിധം 

മീന്‍ വൃത്തിയാക്കിയശേഷം വരിഞ്ഞ് മഞ്ഞളും കുരുമുളകും ഉപ്പും അരച്ച് ചേര്‍ത്ത് പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. ശേഷം അധികം മൊരിയാതെ വറുത്തെടുക്കുക.

പിന്നീട് അഞ്ചാമത്തെ ചേരുവകള്‍ വെള്ളവുമായി ചേര്‍ത്ത് മിശ്രിതമാക്കുക. ചുവന്നുള്ളി, അഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക, വീണ്ടും മറ്റൊരു പാത്രത്തില്‍ വെളിച്ചെണ്ണയെടുത്ത് കടുക് പൊട്ടിച്ച് ചേര്‍ത്തുവച്ച അഞ്ചാമത്തെ ചേരുവ വഴറ്റുക.

ഇതിലേക്ക് തേങ്ങാല്‍പ്പാല്‍ ചേര്‍ത്തിളക്കി കുടമ്പുളി അല്ലികള്‍ ചേര്‍ത്തശേഷം മീനും ചേര്‍ത്ത് അടച്ചുവച്ച്് വേവിയ്ക്കുക. ഇത് നന്നായി വെട്ടിത്തിളച്ച് കുറുകുമ്പോള്‍ വഴറ്റിവച്ച ഉള്ളി തുടങ്ങിയവ ചേര്‍ത്ത് ഇളക്കുക.

ഇവ നന്നായി കുറുകി മസാല മീനില്‍ നന്നായി പുരണ്ടുകഴിയുമ്പോള്‍ തീയില്‍ നിന്നും മാറ്റുക. തണുത്തുകഴിഞ്ഞ് ഓരോ മീനും മസാലയോടെ കോരി വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ് വാഴനാരുകൊണ്ടോ നൂലുകൊണ്ടോ കെട്ടി പാനില്‍ വച്ച് തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കുക.


മേമ്പൊടി

വാഴയിലയില്‍ പൊതിഞ്ഞ മീന്‍ മൈക്രോ വേവില്‍ ബേക്ക് ചെയ്‌തെടുത്താം വേവ് പാകമായിക്കിട്ടും. ഈ സൗകര്യമില്ലെങ്കില്‍ ദോശക്കല്ലുപോലെയുള്ള പാത്രങ്ങളില്‍ വേവിച്ചെടുക്കാം. ഇലപ്പൊതി മാറ്റാതെ തന്നെ വവ്വേറെ പാത്രങ്ങളിലാക്കി വിളമ്പുക. വാഴയിലയില്‍ത്തന്നെ ഇരിക്കുമ്പോള്‍ അതിന്റെ മണവും കൂടിച്ചേര്‍ന്ന് മീനിന് തീര്‍ത്തും വ്യത്യസ്ഥമായ രുചി ലഭിയ്ക്കും. 

കരിമീന്‍ പോലെതന്നെ പരന്ന നന്നായി മസാല പിടിക്കുന്ന മീനുകളെല്ലാം ഉപയോഗിച്ച് മീന്‍ പൊള്ളിച്ചത് തയ്യാറാക്കാം.

ആവി പറക്കും ചെമ്മീന്‍, മാങ്ങ കറി

വേനല്‍ക്കാലമായതു കൊണ്ടുതന്നെ മാങ്ങ കിട്ടാനും എളുപ്പമായിരിക്കും. മാങ്ങയും ചെമ്മീനും ചേര്‍ത്ത കറിയായാലോ, ആവി പറക്കുന്ന ചോറിനൊപ്പം.

പച്ചമാങ്ങ-2
പച്ചചെമ്മീന്‍-അരക്കിലോ
മല്ലിപ്പൊടി, മുളകുപൊടി-1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
ഇഞ്ചി അരിഞ്ഞത്-അല്‍പം
വെളുത്തുള്ളി, ചെറിയുള്ളി അരിഞ്ഞത്-4
പച്ചമുളക്-2
തേങ്ങ- അര മുറി
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
കടുക്

ചെമ്മീന്‍ തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി വയ്ക്കുക. മാങ്ങ തൊലി കളഞ്ഞ് നീളത്തിലുള്ള കഷ്ണങ്ങളാക്കി മുറിയ്ക്കുക. തേങ്ങ ചിരകി മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേര്‍്ത്ത് മിക്‌സിയില്‍ അരച്ചു വയ്ക്കുക. ഈ മസാല ചെമ്മീനും മാങ്ങയും കൂട്ടിക്കലര്‍ത്തി ഇതില്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കണം.

ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി എന്നിവ മൂപ്പിയ്ക്കണം. പീന്നീട് ഇതിലേക്ക് പച്ചമുളക് ചേര്‍ക്കാം. ഇതിലേക്ക് ചെമ്മീന്‍, മാങ്ങാക്കൂട്ട് ചേര്‍ത്ത് ആവശ്യത്തിന ്‌വെള്ളമൊഴിച്ച് വേവിയ്ക്കാം. 

കറി വെന്തു കഴിയുമ്പോള്‍ കടുകു വറുത്തിടാം. കറിവേപ്പിലയും ഇടാം. 

ആവി പറക്കുന്ന ചോറിനൊപ്പം കഴിയ്ക്കാന്‍ ചെമ്മീന്‍-മാങ്ങാക്കറി തയ്യാര്‍

മേമ്പൊടി

ആവശ്യമുള്ള പുളിയ്ക്കനുസരിച്ച് മാങ്ങയുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. തേങ്ങാ അരച്ചതിന് പകരം തേങ്ങാപ്പാലും ചേര്‍ക്കാം. ആദ്യം രണ്ടാംപാല്‍ ചേര്‍ത്ത് വേവിച്ച് ഒരുവിധം പാകമാകുമ്പോള്‍ കട്ടിയിലുള്ള രണ്ടാംപാല്‍ ചേര്‍ക്കാം. 

വറുത്തിടാതെയും ഇത് ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ വെന്ത കറി വാങ്ങിവച്ച ശേഷം അല്‍പം വെളിച്ചെണ്ണയൊഴിച്ച് കറിവേപ്പിലയിട്ട് അടച്ചു വയ്ക്കുക.

ഉണക്കച്ചെമ്മീനും ഇതേ രീതിയില്‍ കറിയുണ്ടാക്കാം.

ചെമ്മീന്‍ വരട്ടിയത്

ചെമ്മീന്‍ ഇഷ്ടമില്ലാത്ത മത്സ്യപ്രേമികള്‍ ചുരുക്കം. ചെമ്മീന്‍ കറിയും വറുത്തതും കൂടാതെ ചെമ്മീന്‍ വരട്ടിയും ഉണ്ടാക്കാം. ചെമ്മീന്‍ വരട്ടുന്നത് എങ്ങനെയെന്നു നോക്കൂ,

ചെമ്മീന്‍-അരക്കിലോ
ഇഞ്ചി, വെളുത്തുള്ളി അരച്ചത്-1 സ്പൂണ്‍
മല്ലിപ്പൊടി-1 സ്പൂണ്‍
മുളകുപൊടി-1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍
പച്ചമുളക്-4
ചുവന്നുള്ളി അരിഞ്ഞത്-2
ഗരംമസാല-അര സ്പൂണ്‍
തൈര്-അരക്കപ്പ്
കശുവണ്ടിപ്പരിപ്പ്-4 എണ്ണം
ഏലയ്ക്ക-3
നെയ്യ്-1200 ഗ്രാം

മല്ലിയില

ഉപ്പ്

ഒരു പാത്രം ചൂടാക്കി അതിലേക്ക് നെയ്യിടുക. നെയ്യ് ഉരുകിക്കഴിയുമ്പോള്‍ ഇതിലേക്ക് ഏലയ്ക്ക, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ഇടുക. ഇത് മൂത്ത മണം വന്നാല്‍ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. ഇത് നന്നായി മൂത്ത മണം വന്നു കഴിയുമ്പോള്‍ ഇതിലേക്ക് ചെമ്മീന്‍ ചേര്‍ത്തിളക്കണം. തൈര് നല്ലപോലെ ഉടച്ച് ഇതിലേക്കു ചേര്‍ക്കുക. പിന്നീട് പാത്രം അടച്ചു വച്ച് വേവിക്കുക.

ചെമ്മീന്‍ വെന്തുകഴിഞ്ഞാല്‍ ഇതിലേക്ക് കശുവണ്ടിപ്പരിപ്പ് അരച്ചുചേര്‍ത്ത് നല്ലപോലെ ഇളക്കണം.

മറ്റൊരു പാത്രം അടുപ്പില്‍ വച്ചു ചൂടാക്കി അല്‍പം നെയ്യു ചേര്‍ക്കുക. ഇതില്‍ ചെറിയുള്ളി നല്ലപോലെ വഴറ്റി ഗരം മസാലയും ചേര്‍ക്കുക. ഇത് വെന്തുകഴിഞ്ഞ ചെമ്മീനിലേക്കു ചേര്‍ത്തിളക്കി നല്ലപോലെ വെള്ളം വറ്റിച്ചെടുക്കുക. ചാറ് നല്ലപോലെ കുറുകി വറ്റിക്കഴിഞ്ഞാല്‍ മല്ലിയില ചേര്‍ക്കാം. 

മേമ്പൊടി

എരിവു കുടുതല്‍ വേണമെന്നുള്ളവര്‍ അതനുസരിച്ച് മുളകുപൊടി കൂട്ടണം. നെയ്യിന് പകരം വെണ്ണയും പാചകത്തിന് ഉപയോഗിക്കാം.

ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന എല്ലാ മലയാളികള്‍ക്കും 

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: