Monday, February 16, 2015

രുചികരമായ നാടൻ സാമ്പാര്‍

പ്രവാസി മലയാളികൾക്ക് ഏറെ വെല്ലുവിളി ഉയർത്തുന്ന ഒരു വിഭവമാണ് സാമ്പാർ  ഇനി വിഷമിക്കേണ്ട തുടങ്ങിക്കോളൂ നല്ലൊരു സാമ്പാര്‍ ‍തയ്യാറാക്കാൻ 

ചേരുവകള്‍

    തുവരപരിപ്പ്‌ – ½ കപ്പ്‌
    മുരിങ്ങക്കായ് – 1 എണ്ണം
    തക്കാളി – 1 എണ്ണം
    ഉരുളക്കിഴങ്ങ് – 1 എണ്ണം
    കാരറ്റ് – 1 എണ്ണം
    വഴുതനങ്ങ – 1 എണ്ണം
    വെണ്ടയ്ക്ക – 2 എണ്ണം
    കോവയ്ക്ക – 4 എണ്ണം
    വെള്ളരിയ്ക്ക – 100 ഗ്രാം
    നേന്ത്രക്കായ് – ½ (ഒന്നിന്റെ പകുതി)
    ബീന്‍സ് – 3 എണ്ണം
    പച്ചമുളക് – 4 എണ്ണം
    സവാള – 1 എണ്ണം
    മഞ്ഞള്‍പൊടി – 1 നുള്ള്
    സാമ്പാര്‍ പൊടി – 3 ടേബിള്‍സ്പൂണ്‍
    കായം – 1 ടീസ്പൂണ്‍
    വാളന്‍പുളി – നെല്ലിക്ക വലുപ്പത്തില്‍
    വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
    കടുക് – 1 ടീസ്പൂണ്‍
    വറ്റല്‍മുളക് – 3 എണ്ണം
    ചെറിയ ഉള്ളി – 5 എണ്ണം
    കറിവേപ്പില – 2 ഇതള്‍
    വെള്ളം – ആവശ്യത്തിന്
    ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

    പരിപ്പ് കഴുകിയ ശേഷം കുറഞ്ഞത്‌ 20 മിനിറ്റ് കുതിര്‍ത്തു വയ്ക്കുക.
    പച്ചക്കറികള്‍ നന്നായി കഴുകിയെടുക്കുക.
    മുരിങ്ങക്കായ് 2 ഇഞ്ച്‌ നീളത്തിലും മറ്റ് പച്ചക്കറികള്‍ ഇടത്തരം കഷ്ണങ്ങളായും മുറിക്കുക.
    പച്ചമുളക് നീളത്തില്‍ കീറുകയും ചെറിയ ഉള്ളി ചെറുതായി അരിയുകയും ചെയ്യുക.
    പ്രഷര്‍ കുക്കറില്‍ പരിപ്പും, പച്ചക്കറികളും മഞ്ഞള്‍പൊടിയും സാമ്പാര്‍പൊടിയും (1 ടേബിള്‍സ്പൂണ്‍ മാത്രം) ഉപ്പും ആവശ്യത്തിന് വെള്ളം (പച്ചക്കറികള്‍ മുങ്ങികിടക്കാന്‍ പാകത്തിന്)ചേര്‍ത്ത് വേവിക്കുക.
    ഒരു വിസില്‍ അടിയ്കുമ്പോള്‍ തീ അണയ്ക്കുക. ഏകദേശം 10 മിനിറ്റ് കഴിയുമ്പോള്‍ പ്രഷര്‍ കളഞ്ഞെടുക്കുക.
    വാളന്‍ പുളി ½ കപ്പ്‌ വെള്ളത്തില്‍ 5 മിനിറ്റ് നേരം കുതിര്‍ത്ത് പിഴിഞ്ഞെടുക്കുക.
    ബാക്കിയുള്ള സാമ്പാര്‍ പൊടിയും (2 ടേബിള്‍സ്പൂണ്‍)കായവും ഒരു പാനിലിട്ട് ഇളക്കി ചൂടാക്കുക.
    കുക്കര്‍ തുറന്ന് പുളി വെള്ളവും, കായവും, സാമ്പാര്‍ പൊടിയും ചേര്‍ത്ത് 2 മിനിറ്റ് നേരം തിളപ്പിക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.
    ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ ചെറിയ ഉള്ളി, വറ്റല്‍മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് സാമ്പാറില്‍ ചേര്‍ക്കുക.

കുറിപ്പ്
• പച്ചക്കറികള്‍ ലഭ്യതയനുസരിച്ച് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.
• സവാളയ്ക്ക് പകരം ചെറിയ ഉള്ളി 10 എണ്ണം ചേര്‍ത്താല്‍ കൂടുതല്‍ രുചികരമായിരിക്കും.
• സാമ്പാര്‍പൊടി ഇല്ലെങ്കില്‍ മല്ലിപൊടി (1 ¼ ടേബിള്‍സ്പൂണ്‍), കാശ്മീരി മുളകുപൊടി (1 ¼ ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (1 നുള്ള്), കായപൊടി (3/4 ടീസ്പൂണ്‍), ഉലുവപൊടി (1 നുള്ള്), ജീരകപൊടി (1/2 ടീസ്പൂണ്‍) എന്നിവ യോജിപ്പിച്ച് സാമ്പാര്‍പൊടി ഉണ്ടാക്കാവുന്നതാണ്.

പ്രവാസികൾക്ക് ഏറെ ഇഷ്ടമുള്ള നാടൻ ചില്ലി ചിക്കന്‍

ചേരുവകള്‍

    കോഴിയിറച്ചി (എല്ലില്ലാത്തത്) – ½ kg
    വറ്റല്‍മുളക് – 12 എണ്ണം
    കടലമാവ് / കോണ്‍ഫ്ളോര്‍ – 6 ടേബിള്‍സ്പൂണ്‍
    ഇഞ്ചി – 2 ഇഞ്ച് കഷണം
    വെളുത്തുള്ളി – 10 അല്ലി
    ചെറിയ ഉള്ളി – 15 എണ്ണം
    കറിവേപ്പില – 2 ഇതള്‍
    നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍
    മുളകുപൊടി – 1¼ ടേബിള്‍സ്പൂണ്‍
    മഞ്ഞള്‍പൊടി – 1 നുള്ള്
    വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്
    ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

    കോഴിയിറച്ചി വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങളായി നീളത്തില്‍ മുറിച്ചെടുക്കുക.
    ഇഞ്ചി (1 ഇഞ്ച് കഷണം), വെളുത്തുള്ളി (5 അല്ലി), കറിവേപ്പില (1 ഇതള്‍ ), നാരങ്ങാനീര്, ഉപ്പ്, 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ അരച്ചെടുക്കുക.
    അരച്ചെടുത്ത മിശ്രിതം കോഴിയിറച്ചിയില്‍ പുരട്ടി ½ മണിക്കൂര്‍ വയ്ക്കുക.
    ബാക്കിയുള്ള ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചെറുതായി അരിയുക.
    കടലമാവ് / കോണ്‍ഫ്ളോര്‍ 4 ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കുഴച്ച് കോഴിയിറച്ചിയില്‍ നന്നായി പുരട്ടുക.
    പാനില്‍ എണ്ണ ചൂടാക്കിശേഷം കോഴിയിറച്ചി ഇട്ട് ബ്രൌണ്‍ നിറമാകുന്നതുവരെ വറക്കുക.
    മറ്റൊരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കുക. തീ കുറച്ചശേഷം വറ്റല്‍ മുളക് ഇട്ട് ബ്രൌണ്‍ നിറമാകുമ്പോള്‍ വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തു വഴറ്റുക.
    ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ¼ ടേബിള്‍സ്പൂണ്‍ മുളകുപൊടി ചേര്‍ത്തിളക്കുക. പിന്നീട് വറുത്ത കോഴിയിറച്ചി ഇതിലേയ്ക്ക് കൂട്ടി യോജിപ്പിച്ച് തീ അണയ്ക്കുക.

കുറിപ്പ്
ഡ്രൈ റെഡ് ചില്ലി ചിക്കന്‍ അല്പം മയോണൈസ്സിനോടൊപ്പം വിളമ്പാവുന്നതാണ്.

നാവിൽ വെള്ളമൂറുന്ന കിടിലൻ ബീഫ്‌ ഫ്രൈ

ചേരുവകള്‍

    ബീഫ് (മാട്ടിറച്ചി) – 1 kg
    മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍
    മുളകുപ്പൊടി – 1 ടേബിള്‍സ്പൂണ്‍
    ഇറച്ചി മസാല – 1 ടേബിള്‍സ്പൂണ്‍
    കുരുമുളകുപൊടി – 1 ടീസ്പൂണ്‍
    മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
    ഇഞ്ചി – 1 ഇഞ്ച്‌ കഷണം
    വെളുത്തുള്ളി – 5 അല്ലി
    ചെറിയ ഉള്ളി – 8 എണ്ണം
    കറിവേപ്പില – 3 ഇതള്‍
    തേങ്ങാക്കൊത്ത് – ¼ കപ്പ്‌ (ആവശ്യമെങ്കില്‍)
    കടുക് – ½ ടീസ്പൂണ്‍
    നെയ്യ് – 3 ടേബിള്‍സ്പൂണ്‍
    ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

    ഇറച്ചി ചെറിയ കഷ്ണങ്ങളായി നുറുക്കി, കഴുകി വാര്‍ത്തെടുക്കുക.
    ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക.
    മല്ലിപ്പൊടി, മുളകുപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ഇറച്ചിയില്‍ ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിക്കുക. ഒരു വിസില്‍ അടിച്ച് കഴിയുമ്പോള്‍ തീ കുറയ്ക്കുക. രണ്ടാമത്തെ വിസിലിനു ശേഷം തീ അണയ്ക്കുക.
    പ്രഷര്‍ തീരുമ്പോള്‍ അടപ്പ് തുറന്ന ശേഷം വീണ്ടും ചൂടാക്കി ഇറച്ചിയിലെ വെള്ളം മുഴുവനായും വറ്റിക്കുക.
    പാനില്‍ നെയ്യ് ചൂടാക്കി, കടുക് ഇട്ട് പൊട്ടുമ്പോള്‍ തീ കുറച്ച ശേഷം തേങ്ങാകൊത്ത് (ആവശ്യമെങ്കില്‍) ചേര്‍ത്ത് 2-3 മിനിറ്റ് ഇളക്കുക.
    ഇതിലേയ്ക്ക് വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് ഇളക്കുക.
    ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ഒരു ടേബിള്‍സ്പൂണ്‍ മീറ്റ് മസാല ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് വേവിച്ച ഇറച്ചി ചേര്‍ത്ത് ഇടവിട്ട്‌ ഇളക്കി നന്നായി വരട്ടിയെടുക്കുക. പിന്നീട് ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്തിളക്കുക.
    വിളമ്പുന്ന പാത്രത്തിലേയ്ക്ക് മാറ്റി മല്ലിയിലയും സവാള അറിഞ്ഞതും കൊണ്ട് അലങ്കരിക്കാം.

കുറിപ്പ്
എരിവും മസാലകളും നിങ്ങളുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്. 

പെപ്പെർ ചിക്കൻ എങ്ങനെ തെയ്യാറാക്കാം


ചേരുവകള്‍

  1  ചിക്കന്‍ – 1 kg
  2 കുരുമുളകുപൊടി – 2¼ ടേബിള്‍സ്പൂണ്‍
  3  നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍
  4  സവാള – 3 എണ്ണം
  5  തക്കാളി – 1 എണ്ണം
  6   ഇഞ്ചി – 2 ഇഞ്ച്‌ കഷണം
  7  വെളുത്തുള്ളി – 6 അല്ലി
  8  കറിവേപ്പില – 2 ഇതള്‍
  9  മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍
  10  മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
  11 ഗരംമസാല – 1 ടീസ്പൂണ്‍
  12   വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
  13   വെള്ളം – ½ കപ്പ്‌
  14  ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

    കോഴിയിറച്ചി ഇടത്തരം വലുപ്പത്തില്‍ കഷ്ണങ്ങളാക്കിയ ശേഷം കഴുകി വൃത്തിയാക്കുക.
    കുരുമുളകുപൊടി (2 ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (½ ടീസ്പൂണ്‍), നാരങ്ങാനീര്, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് കോഴിയിറച്ചിയില്‍ പുരട്ടി കുറഞ്ഞത്‌ ½ മണിക്കൂര്‍ വയ്ക്കുക.
    സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക.
    പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, സവാള, ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് മീഡിയം തീയില്‍ വഴറ്റുക.
    ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മല്ലിപൊടിയും (1 ടേബിള്‍സ്പൂണ്‍), ഗരംമസാലയും (1 ടീസ്പൂണ്‍) ചേര്‍ത്ത് 1 മിനിറ്റ് ഇളക്കുക.
    ഇതിലേയ്ക്ക് കോഴിയിറച്ചി, കറിവേപ്പില, തക്കാളി, എന്നിവ ചേര്‍ത്ത് 5 മിനിറ്റ് നേരം നല്ല തീയില്‍ ഇടവിട്ട്‌ ഇളക്കുക. പിന്നീട് ½ കപ്പ്‌ വെള്ളം ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക. (തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക)
    വെന്തതിനുശേഷം അല്പനേരം അടപ്പ് തുറന്ന് വച്ച് ഗ്രേവി കുറുകുന്ന വരെ ഇടവിട്ട് ഇളക്കുക (കരിയാതെ സൂക്ഷിക്കുക).
    ഇതിലേക്ക് ¼ ടേബിള്‍സ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്ത് യോജിപ്പിച്ച് തീ അണയ്ക്കുക.

കുറിപ്പ്
1. ഗരം മസാലയ്ക്ക് പകരമായി ½ ടേബിള്‍സ്പൂണ്‍ ചിക്കന്‍ മസാല ചേര്‍ക്കാവുന്നതാണ്.
2. ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരിയോ നാരങ്ങാനീരോ ചേര്‍ത്ത് കോഴിയിറച്ചി കഴുകിയാല്‍ ഉളുമ്പ് മണം മാറി കിട്ടും.
Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: